Friday, July 1, 2011

സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം

സ്വാശ്രയ കോളേജ് മാനേജ്മെന്റിന്റെ മുമ്പില്‍ മുട്ട് മടക്കേണ്ട അവസ്ഥക്ക് കാരണക്കാര്‍ തങ്ങളല്ല, മറ്റവന്‍മാരാണ് എന്ന് ഇടതും വലതും അവരുടെ ഇളമുറക്കാരും ഒരുപോലെ തമ്മില്‍ തമ്മില്‍ കുറ്റപ്പെടുത്തുന്നു. കോളേജ് നടത്തിക്കൊണ്ടു പാകാന്‍ വേണ്ടി വരുന്ന   ചെലവുകളെ കുറിച്ച് മാനേജ്മെന്റുകളും വചാലരാകുന്നു. പക്ഷെ ഈ കോളേജുകളില്‍ കിട്ടുന്ന വരുമാനത്തെ കുറിച്ച് ആരും പറയുന്നില്ല. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പൊതു ജനം നല്‍കേണ്ടി വരുന്ന ചികിത്സാ ചെലവ് ഏതു സ്വകാര്യ ആശുപത്രിയിലും നല്‍കേണ്ടി വരുന്നതില്‍ നിന്നും ഒട്ടും കുറവല്ലെന്ന് ആര്‍ക്കാണറിയാത്തത്?

ആദ്യത്തെ സ്വാശ്രയ കോളേജ് ഫീസ്‌ നിര്‍ണയ കമ്മിറ്റിയുടെ കാലാവുധിക്ക് ശേഷം അതിന്റെ അധ്യക്ഷനായിരുന്ന ജസ്റിസ് കെ ടി തോമസുമായുള്ള ഒരു അഭിമുഖം വായിക്കാനിടയായി. കര്‍ണാടകത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ (മണിപ്പാല്‍ ആണെന്നാണ്‌ എന്റെ ഓര്‍മ) അവരുടെ സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ്‌ KG സ്കൂളുകളിലെ ഫീസിനെക്കാള്‍ കുറവായി കണ്ടപ്പോള്‍ അദ്ദേഹം അതിനെ കുറിച്ച് വിശദമായി അന്വേഷിച്ചു. സംഭവം സത്യമായിരുന്നു. ഒരു ആശുപത്രി ബെഡില്‍ നിന്നും വിവിധയിനങ്ങളിലായി ശരാശരി 700 രൂപയായിരുന്നു അവരുടെ അന്നത്തെ പ്രതിദിന വരുമാനം. (കേരളത്തിലെ ഫീസ്‌ നിര്‍ണയിക്കാനായി അദ്ദേഹം ഇവിടത്തെ മെഡിക്കല്‍ കോളേജുകളോട്, അവരുടെ സ്ഥാപനത്തില്‍ ഇത്തരത്തില്‍ പ്രതീക്ഷിക്കുന്ന പ്രതിദിന വരുമാനം ആവശ്യപ്പെട്ടിട്ട് ഒരാളും സഹകരിച്ചില്ല; ഇന്നും ആരും സഹകരിക്കില്ലെന്നുറപ്പ്‌) അതുകൊണ്ടാണ് അവര്‍ക്ക് അത്ര ചുരുങ്ങിയ ഫീസില്‍ കുട്ടികളെ പഠിപ്പിക്കാന്‍ സാധ്യമായത്‌. ഇത്തരത്തിലുള്ള അതിഭീമമായ വരുമാനമാണ് നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളും ഇടതു-വലതു രാഷ്ട്രീയക്കാരും വിദ്യാര്‍ഥി നേതാക്കളും മൂടിവെക്കുന്നത്. ഇവരൊക്കെ ആരുടെ താല്പര്യ സംരക്ഷണത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഇതില്‍ നിന്നൊക്കെ വ്യക്തമല്ലേ?

Friday, April 8, 2011

ലോക്പാല്‍ ബില്ലും അന്നഹസാരെയുടെ നിരാഹാര സമരവും

 ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള സമരത്തില്‍ നമുക്കം അണിചേരാം.

സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത  തികച്ചും സ്വതന്ത്രമായ ഏജന്‍സിയായി ഒരു ലോകപാല്‍ സ്ഥാപിക്കണം എന്ന ആവശ്യമുന്നയിച്ച് അന്നഹസാരെ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ നാം ബഹുഭൂരിപക്ഷത്തിനും  നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ല. എന്നാല്‍ ആ സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ സഹായസഹകരണങ്ങളും നല്‍കേണ്ടത് നമ്മുടെ ധാര്‍മിക ഉത്തരവാദിത്തമാണ്.   
പ്രധാന ആവശ്യങ്ങള്‍ 
  • രാഷ്ട്രീയക്കാര്‍ , ഉദ്ധ്യോഗസ്ഥര്‍ , ജഡ്ജിമാര്‍ എന്നിവരുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുവാന്‍, സുപ്രീം കോടതിയേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പോലെ സ്വതന്ത്ര ഏജന്‍സിയായി കേന്ദ്ര തലത്തില്‍ ഒരു ലോക്പാല്‍ നിലവില്‍ വരണം.  ലോക്പാലിന്റെ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്തയും സ്ഥാപിക്കണം.
  • പരാതി ലഭിച്ചാല്‍ കേസുകള്‍ റെജിസ്ടര്‍ ചെയ്യല്‍ , അന്വേഷണം, വിചാരണ, ശിക്ഷ വിധിക്കല്‍ , പോലിസിനെ ഉപയോഗിച്ച് ശിക്ഷ നടപ്പാക്കല്‍ എന്നിവയെല്ലാം ലോക്പലിന്റെ അധികാരപരിധിയില്‍ ആയിരിക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാനും മേല്‍നടപടികള്‍ സ്വീകരിക്കാനും ഈ ഏജന്‍സിക്ക് അധികാരമുണ്ടായിരിക്കണം.
  • അഴിമതിക്കേസുകള്‍ ഒരു വര്‍ഷത്തിനകം അന്വേഷണവും അടുത്ത ഒരു വര്‍ഷത്തിനകം വിചാരണയും പൂര്‍ത്തിയാക്കി വിധി നടപ്പാക്കിയിരിക്കണം.
  • അഴിമതിമൂലം പൊതു ഖജനാവിന് നഷ്ടമുണ്ടായാല്‍ ആ നഷ്ടം മുഴുവന്‍ കുറ്റവാളിയില്‍നിന്നും ഈടാക്കണം. 
  • അഴിമതിക്കേസില്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷവും കൂടിയത് ജീവപര്യന്തവും തടവ്‌ ശിക്ഷ നല്‍കിയിരിക്കണം. യുക്തമെന്നു തോന്നുന്ന കേസുകളില്‍ പിഴയും ചുമത്തണം.
  • നിശ്ചിത സമയത്തിന്നകം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സേവനം ലഭിക്കതിരിക്കുകയോ, പാലംപണി, റോഡ്പണി, എന്നിങ്ങിനെ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തു പൊതു പ്രവര്‍ത്തികളില്‍ ക്രമക്കേട് കാണുകയോ ചെയ്താല്‍ ഏതൊരു പൌരനും ലോക്പലിനെ സമീപിച്ചു പരാതി നല്‍കാന്‍ അധികാരമുണ്ടായിരിക്കണം.
  • കേന്ദ്ര വിജിലന്‍സ് കമ്മീഷനും സി.ബി.ഐ.യുടെ അഴിമതി വിരുദ്ധ സെല്ലും ലോക്പാലില്‍ ലയിപ്പിക്കണം.
  • ലോക്പാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ രണ്ടു മാസത്തിന്നകം അന്വേഷണം നടത്തി നടപടി എടുത്തിരിക്കണം. 
  •  ലോക്പാലില്‍ നിയമരംഗത്തെ നാല് വിദഗ്ധരടക്കം പത്ത് അംഗങ്ങള്‍ ഉണ്ടായിരിക്കണം. നിയമവിദഗ്ദ്ധര്‍ , സി.വി.സി., സി.എ.ജി, അന്താരാഷ്ട്ര പുരസ്കാര ജേതാക്കള്‍ തുടങ്ങിയവര്‍  അടങ്ങിയ സിവില്‍ സമൂഹവും ജഡ്ജിമാരും ഉള്‍പെട്ട സമിതിയായിരിക്കണം ഈ   അധികാരികളെ തിരഞ്ഞെടുക്കുന്നത്.
സാര്‍ക്കാര്‍ ലോക്പാല്‍ ബില്‍ (ഡ്രാഫ്റ്റ്).
  • പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍ , എം.പി., എം.എല്‍ ,എ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താം. എന്നാല്‍ ഉധ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം അധികാരമില്ല. വിദേശ കാര്യം, സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അന്വേഷിക്കാന്‍ അധികാരമില്ല.
  • ലോക്പാല്‍ ഒരു ഉപദേശക സമിതി മാത്രമായിരിക്കും. അതുകൊണ്ട് കേസന്വേഷണമേ പറ്റൂ, കേസെടുക്കാനാവില്ല. ലോക്പാലിന്റെ ശുപാര്‍ശപ്രകാരം ശിക്ഷ വിധിക്കണമോ വേണ്ടയോ എന്ന് ബന്ധപ്പെട്ട അധികാരികള്‍ തീരുമാനിക്കും.
  • അഴിമതിമൂലം പോതുഖജനാവിനുണ്ടാവുന്ന നഷ്ടം തിരിച്ചു പിടിക്കാന്‍ വകുപ്പില്ല 
  • കേസന്വേഷണത്തിന് ആറ് മാസം മുതല്‍ ഒരു വര്‍ഷം എന്ന പരിധിയുണ്ടെങ്കിലും വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നില്ല.
  • കറ്റക്കാര്‍ക്കെതിരായ കുറഞ്ഞ തടവുശിക്ഷ ആറ് മാസവും കൂടിയത് എഴുവര്ഷവും ആയിരിക്കും
  • നിസ്സാര പരാതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.
  • കേന്ദ്ര വിജിലന്‍സ് കമ്മീഷനും സി.ബി.ഐ.യുടെ അഴിമതി വിരുദ്ധ സെല്ലും ഇന്നത്തെപോലെ തുടരും.
  • ലോക്പാലിനു മുന്നംഗങ്ങളെ പാടുള്ളൂ. എല്ലാവരും വിരമിച്ച ജഡ്ജിമാരാണ്. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി., പ്രതിപക്ഷ നേതാക്കള്‍ , നിയമമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ ചേര്‍ന്നാണ് ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്
  • അഴിമതി വെളിപ്പെടുത്തന്നവരെ സംരക്ഷിക്കാന്‍ വ്യവസ്ഥയില്ല

      ലോക്പാലിനു സമാനമായ നിയമം സ്വീഡനില്‍ ഉണ്ടത്രേ. ആ രാജ്യം ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി തുടരുന്നതിന്റെ കാരണങ്ങളില്‍ സുപ്രധാനമായ ഒന്ന് അതാണ്‌.  അതെ സമയം കഴിഞ്ഞ നാലില്‍പരം പതിറ്റാണ്ടിന്നിടയില്‍ ഇന്ത്യയില്‍ ഉണ്ടായ മിക്കവാറും എല്ലാ മന്ത്രിസഭകളും  ലോക്പാല്‍ നിയമം കൊണ്ടുവരാന്‍ 'ശ്രമിച്ചു'. ഒന്നുപോലും വിജയിച്ചില്ല. ആ ബില്ലുകള്‍ നിയമമായിട്ടും കാര്യമൊന്നും ഉണ്ടാവുമായിരുന്നില്ല. കാരണം ഡ്രാഫ്ടുകള്‍ തന്നെ അത്രമാത്രം പഴുതുകള്‍ കുത്തിനിറച്ചവയായിരുന്നു  




      Friday, January 7, 2011

      അന്ധ വിശ്വാസങ്ങള്‍

      ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന പരിയാടിയില്‍ 'ചരട് കെട്ടിയ കേരളം' എന്ന വിഷയം രണ്ടു എപ്പിസോട്കളിലായി അടുത്തിടെ പ്രക്ഷേപണം ചെയ്യുകയുണ്ടായി.  അതില്‍ പങ്കെടുത്ത കൂടുതല്‍ പേരും ചരട് കെട്ടുന്നതിനു അനുകൂലമായിരുന്നു.  1960 കളിലും 70 കളിലും ഇത്തരം പ്രവര്‍ത്തികള്‍  അവമാനമായിരുന്നെങ്കില്‍ ഇന്നത് അഭിമാനമായി പ്രശ്നമായി കരുതുന്നു. ഇന്നത്തെ ചെറുപ്പക്കാരില്‍ നല്ലൊരു ഭാഗവും ഈ അഭിമാനികളില്‍ പെടുന്നു എന്നത്‌ ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. ഇവര്‍ക്ക് അന്നത്തെ ചെറുപ്പക്കാരെക്കാള്‍ ശാസ്ത്ര ബോധം കൂടുതലുണ്ടെന്നത് നിസ്തര്‍ക്കമാണ്.  എന്തുകൊണ്ടാണ്  ഈ ബോധം ജ്ഞാനത്തിന്റെ തലത്തിലേക്ക് വളരാതെ അറിവ് മാത്രമായി നിലനില്‍ക്കുന്നത്?